രാജ്യത്ത് മൊത്തത്തിലുള്ള മൺസൂൺ ലഭ്യത സാധാരണയേക്കാളും 10 ശതമാനം കുറഞ്ഞെന്ന് റിപ്പോർട്ട്. ഖാരിഫ് സീസണിലെ കൃഷിയിറക്കലിനെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.
പ്രധാന കാർഷിക മേഖലകളിൽ ജൂൺ, ജൂലൈ മാസത്തിൽ മഴ തീരെ കുറഞ്ഞതിനാൽ വിളവിറക്കുന്നത് വൈകി. അടുത്ത രണ്ടാഴ്ച കൃത്യമായ മഴ ലഭിച്ചില്ലെങ്കിൽ ഉല്പാദനം കഴിഞ്ഞ വർഷത്തേക്കാൾ കുറയും.
അങ്ങനെ വന്നാൽ ഖാരിഫ് വിളകളുടെ വില കൂടാനും അതുവഴി ഭക്ഷ്യ വസ്തുക്കളുടെ വില വർധിക്കാനും ഇടയാകുമെന്ന് റേറ്റിംഗ് ഏജൻസിയായ ഇക്ര പറഞ്ഞു. ഇതിനോടൊപ്പം താങ്ങുവിലയിലെ വർദ്ധനവുകൂടിയാകുമ്പോൾ സ്വാഭാവികമായും നാണയപ്പെരുപ്പവും ഉയരുമെന്ന് ഇക്ര ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റില്‍ 96 ശതമാനം മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 88 ശതമാനമേ ലഭിക്കുകയുള്ളൂ. സെപ്റ്റംബറില്‍ 93 ശതമാനം മഴയാണ് ലഭിക്കുക. മുന്‍പത്തെ പ്രവചനമനുസരിച്ച് 101 ശതമാനം മഴ ലഭിക്കേണ്ടതാണ്.
കാര്‍ഷികോല്പാദനം കുറയുന്നതോടെ സ്വാഭാവികമായും ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കൂടും; അതുവഴി, നാണയപ്പെരുപ്പവും വര്‍ദ്ധിക്കും. ഭക്ഷ്യ എണ്ണ, പയറുവര്‍ഗ്ഗങ്ങള്‍, പഞ്ചസാര എന്നിവയുടെ ഇറക്കുമതി വര്‍ധിപ്പിക്കേണ്ടതായി വരും.
സ്‌കൈമെറ്റിന്റെ നിരീക്ഷണത്തില്‍ പെസഫിക് സമുദ്രത്തിലെ ഉപരിതല ഊഷ്മാവ് കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് 'എല്‍ നിനോ'യുടെ വരവിനെയാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ച്ചയായ വരണ്ട കാലാവസ്ഥയാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് ചുരുക്കം.